Reading Problems? see Enabling Malayalam
Swathantra Malayalam Computing
Malayalam Computing സംരംഭത്തില്‍ നിന്ന്
സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ് കൂട്ടായ്മ
ടി.വി. സിജു
സാങ്കേതികവിദ്യയുടെ മുന്നേറ്റം നമ്മുടെ സംസ്കാരത്തിലും അതിന്റേതായ ഓളങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതിന്റെ പ്രതിഫലനം സംസ്കാരത്തിന്റെ പ്രധാന കണ്ണിയായ ഭാഷയിലും കാണാം. സ്വന്തംഭാഷ എന്നത് നിലനില്പിന്റെ ചരിത്രത്തിലെ ഒരേടാണ്. നമ്മുടെ ചരിത്രവും നാട്ടറിവും കലയും സാഹിത്യവുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്നത് അതിലാണ്.
സ്വന്തം ഭാഷയില്‍ മാത്രം നിലനില്‍ക്കുന്ന ഇത്തരം അറിവുകളെയും രചനകളെയും ഡിജിറ്റല്‍ ഭാവിയിലേക്ക് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കൂടി വരികയാണിന്ന്. ഒരു കാലത്ത് എഴുത്തോലകള്‍ കടലാസിന് വഴിമാറിയതുപോലെ ഇന്നോ നാളെയോ കടലാസ് ഡിജിറ്റല്‍ മീഡിയയ്ക്കാവും വഴിയൊരുക്കുക. കടലാസില്‍ നിന്ന് ഡിജിറ്റല്‍ മാധ്യമത്തിലേക്കുള്ള കൂടുമാറ്റം കൊണ്ട് ഭാഷയ്ക്കുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഭീമമായിരിക്കും. ഈ തടസ്സങ്ങളെ അതിജീവിക്കാന്‍ പുതുഭാഷാസാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കുകയാണ് വേണ്ടത്, അതല്ലാതെ നമ്മുടെ ഭാഷയെ മറന്ന് മറ്റുഭാഷകളുടെ സ്വാധീനത്തില്‍ വീണുപോവരുത്. ഇംഗ്ളീഷ് ഭാഷ നല്ലതാണ്, എന്നാല്‍ കംപ്യൂട്ടിംഗ് മാതൃഭാഷയിലാകുമ്പോള്‍ പല വെല്ലുവിളികളും ഭാഷയ്ക്ക് നേരിടേണ്ടിവരും. ഈ വെല്ലുവിളികള്‍ ചൈനക്കാരനോ അമേരിക്കാരക്കനോ അല്ല നമ്മള്‍ തന്നെയാണ് നേരിടേണ്ടത്. അവര്‍ക്കതിന് കഴിയുകയുമില്ല. ഇത് ലക്ഷ്യം വച്ചുകൊണ്ടാണ് മാതൃഭാഷയെയും സംസ്കാരത്തെയും സ്നേഹിക്കുന്ന ഒരു കൂട്ടം മലയാളികള്‍ സ്വതന്ത്ര മലയാളം കംപ്യൂട്ടിംഗ് (എസ്. എം. സി) എന്ന കൂട്ടായ്മയ്ക്ക് രൂപംകൊടുക്കുന്നത്. കംപ്യൂട്ടര്‍ മേഖലയില്‍ പ്രാഗത്ഭ്യവും പരിചയവുമുള്ള കേരളത്തിലോ പുറംനാടുകളിലോ ഉള്ളവരാണ് ഇതിലെ അംഗങ്ങള്‍ പലരും. തങ്ങളുടെ ജോലിക്കിടയിലും പഠനത്തിനിടയിലും കിട്ടുന്ന സമയത്ത് മാതൃഭാഷയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നു എന്നതാണ് ഇവരുടെ പ്രത്യേകത.
2001ലാണ് ബൈജു എം ന്റെ നേതൃത്വത്തിലാണ് എസ്.എം.സി. രൂപീകരിക്കുന്നത്. എഷ്യ പെസഫിക് ഡെവലപ്മെന്റ് ഇന്‍ഫര്‍മേഷന്‍ പ്രോഗ്രാമിന്റെ (APDIP) സാമ്പത്തീക സഹായത്തോടെ കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്റ്റ്രിയല്‍ പ്രമോഷന്റെയും (K-Bip) ഫ്രീ സോഫ്റ്റ്വെയര് ഫൌണ്ടേഷന്‍ - ഇന്ത്യയുടെയും (FSF-India) നേതൃത്വത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയറില് മലയാളം കമ്പ്യുട്ടിങ്ങിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഈ കാലഘട്ടത്തിലാണ് ആരംഭിച്ചത്. സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങിന്റെ (SMC) പ്രാരംഭ പ്രവര്‍ത്തകരായ ബൈജു. എം, സജിത്ത് വി. കെ തുടങ്ങിയവരായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഗ്നു/ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഡെസ്ക്ടോപ്പ് മലയാളത്തിലേക്ക് മാറ്റുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടന്നു. ആദ്യമായി മലയാളീകരിച്ച ഒരു ഓപ്പറേറ്റിംഗ് സിസ്റ്റവും യൂണീക്കോഡ് ആടിസ്ഥാനമാക്കിയ ഒരു സ്വതന്ത്ര ഫോണ്ടും ഇതിന്റെ ഭാഗമായി ഉണ്ടായി. എന്നാല്‍ അക്കാലത്തെ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പരിമിതമായ ഉപയോഗവും സാങ്കേതിക വിദ്യയിലുണ്ടായിരുന്ന പരിമിതികളും ഈ പ്രവര്‍ത്തനത്തിന്റെ മുന്നോട്ട് പോക്കിനെ മന്ദഗതിയിലാക്കി. 2006 അവസാനകാലത്താണ് അരിഷ്ടതകളെല്ലാം മാറി ഈ കൂട്ടായ്മ വീണ്ടും ഊര്‍ജ്ജിതമായത്. പിന്നീട് മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഭാരതീയ ഭാഷകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘങ്ങളില്‍ മുന്നിലെത്തി.
ഇന്റര്‍നെറ്റിലൂടെയുള്ള ആശയവിനിമയത്തിനും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഈ ഗ്രൂപ്പിലെ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കപ്പെടുന്നത്. 360 അംഗങ്ങളുള്ള ഈ കൂട്ടായ്മയില്‍ നിരവധി പേര്‍ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിനായി കൂട്ടായ്മ ഇപ്പോള്‍ ഭാഷാപ്രേമികളുടെ സഹായം തേടുകയാണ്. താല്പര്യമുള്ളവര്‍ക്ക് http://smc.org.in എന്ന വെബ്സൈറ്റില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നതാണ്. സോഴ്സ് കോഡുകള്‍ എല്ലാവര്‍ക്കും സ്വതന്ത്രമായി ഇഷ്ടാനുസരണം ഉപയോഗിക്കാനും സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി കംപ്യൂട്ടിംഗ് ഉപയോഗപ്പെടുത്താനും ശ്രമിക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയറുകളാണ് എസ്. എം.സി. വികസിപ്പിക്കുന്നത്. മലയാളികള്‍ക്കിടയില്‍ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നതും ഗവണ്‍മെന്റ് തലത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയറിന് നല്‍കുന്ന മുന്‍ഗണനയും കൂടിവരികയാണ്. സോഫ്റ്റ്വെയര് പ്രയോഗങ്ങളുടെ തര്‍ജ്ജമകളും ഫോണ്ടുകളുടെ വികസനവും അല്ലാതെ വേറെയും സംരംഭങ്ങളില്‍ എസ്. എം. സി. വ്യാപൃതരാണ്. കംപ്യൂട്ടറിനെകൊണ്ട് മലയാളം പറയിപ്പിക്കാനും മലയാളം പറഞ്ഞാല്‍ കംപ്യൂട്ടറിന് മനസ്സിലാക്കാനും സാധിക്കുന്ന സ്പീച്ച് പ്രോസസ്സിംഗ് സോഫ്റ്റ്വെയറുകള്, എളുപ്പത്തില്‍ മലയാളം എഴുതാന്‍ വേണ്ടിയുള്ള സോഫ്റ്റ്വെയര്, വിവിധ ഡെസ്ക്ടോപ്പ് ആര്‍ട്ട്വര്‍ക്കുകള്‍, അക്ഷരപരിശോധനാ (സ്പെല്‍ ചെക്കര്‍) സംവിധാനം, പരിശീലന സഹായികള്‍, മലയാളം വിവരശേഖരത്തെ ക്രോഡീകരിക്കുന്നതിനുള്ള ഉപാധികള്‍ തുടങ്ങിയ പ്രോജക്ടുകളും എസ്. എം.സി. നിര്‍വ്വഹിക്കുന്നു.
ഭാഷയുടെ തനത് ശൈലി നഷ്ടപ്പെടുത്താതെ വിട്ടുവീഴ്ചകളൊന്നുമില്ലാതെ ലിപികള്‍ തനതുശൈലിയില്‍ തന്നെ നിലനിര്‍ത്തി കംപ്യൂട്ടിംഗ് ഇപ്പോള്‍ സാധ്യമാണ്. ഇതിനായി ഒരു സ്റ്റാന്‍ഡേര്‍ഡ് ഉണ്ടാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടാവണം എന്നാണ് ഇവരുടെ അഭിപ്രായം.
സ്വതന്ത്ര സോഫ്റ്റ്വെയറുകള് പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ നടപ്പാക്കിയ 'സമ്മര്‍ ഓഫ് കോഡ് 2007' പദ്ധതിയില്‍ രണ്ട് ലക്ഷം രൂപ പാരിതോഷികമായി ലഭിച്ച ഇന്ത്യന്‍ കൂട്ടായ്മയാണ് എസ്. എം.സി. ഇന്ത്യയെ പ്രതിനിധീകരിച്ച് കാലിഫോര്‍ണിയയില്‍ നടന്ന ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് -2007 സമ്മേളനത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ചതും ഇവരാണ്.
മലയാളം കംപ്യൂട്ടിംഗില്‍ മലയാളിയുടെ സംഭാവന വളരെ കുറവാണ്. ഈ സ്ഥിതി മാറേണ്ടിയിരിക്കുന്നു. ഭാഷയെ സ്വന്തം പൈതൃകവും സംസ്കാരവും മൂല്യവും നഷ്ടമാകാതെ വരും തലമുറയ്ക്ക് കൂടി അഭിമാനിക്കാന്‍ കഴിയുന്ന വിധത്തില്‍ പരിപാലിക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

