Reading Problems? see Enabling Malayalam
മലയാളം കമ്പ്യൂട്ടിങ്ങ് - ഉദ്ഘാടനം
Malayalam Computing സംരംഭത്തില്‍ നിന്ന്
ഇനി കമ്പ്യൂട്ടറും നമ്മുടെ ഭാഷ സംസാരിക്കട്ടെ
കേരള സംസ്ഥാന ഐ.ടി മിഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന 'മലയാളം കമ്പ്യൂട്ടിംഗ്' പ്രചാരണപരിപാടിയുടെയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 8 ന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിച്ചു.
കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണിക്ക് നടന്ന ചടങ്ങില്‍ ബഹു. ആഭ്യന്തര വിജിലന്‍സ് ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണന്‍, ബഹു. ആരോഗ്യ വകുപ്പ് മന്ത്രി, ശ്രീമതി. പി.കെ. ശ്രീമതി ടീച്ചര്‍, ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി എം. പി, ശ്രീ കെ സുധാകരന്‍ എം എല്‍ എ, മറ്റു ജനപ്രതിനിതികള്‍, ഉദ്യോഗസ്ഥന്‍മാര്‍, സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .
തദവസരത്തില്‍ ‘മലയാളം കമ്പ്യൂട്ടിംഗ്' വെബ് പോര്‍ട്ടല്‍, യുനെസ്കോയുടെ സഹായത്തോടെ കണ്ണൂര്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനള്‍ക്കായി അക്ഷയ നിര്‍മ്മിച്ച മലയാളം ഇന്ററാക്ടീവ് കമ്മ്യൂണിറ്റി വെബ് പോര്‍ട്ടലായ http://entegramam.gov.in എന്നിവയുടെ ഉദ്ഘാടനം ബഹു: ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. ശ്രീമതി ടീച്ചര്‍ നിര്‍വ്വഹിച്ചു. മലയാളം കമ്പ്യൂട്ടിംഗ് പോര്‍ട്ടലിന്റെ ഉദ്ഘാടനം ബഹു. ആഭ്യന്തര വിജിലന്‍സ് ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണനും പരസ്യ ചിത്രത്തിന്റെ ഉദ്ഘാടനം ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി എം. പിയും നിര്‍വ്വഹിച്ചു.
ചടങ്ങില്‍ അധ്യക്ഷത വഹിച്ച ശ്രീ കെ സുധാകരന്‍ എം എല്‍ എ മാതൃഭാഷയുടെ അതിരുകളില്ലാത്ത ഉപയോഗമാണ് മലയാളം കമ്പ്യൂട്ടിംഗ് ലക്ഷ്യമിടുന്നതെന്നും, ഐടി രംഗത്ത് ലക്ഷ്യത്തിലേക്ക് എത്താനുള്ള കുതിപ്പിന് കേരളം പുതിയ ദിശാബോധം കൈവരിച്ചുവെന്നും അഭിപ്രായപ്പെട്ടു.
ഐക്യരാഷ്ട്ര സംഘടന മാതൃഭാഷാ വര്‍ഷമായി പ്രഖ്യപിച്ചിട്ടുള്ള 2008 ല്‍ മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയിലൂടെ കേരള സംസ്ഥാനം ആഗോള സമൂഹവുമായി കൈകോര്‍ക്കുകയാണെന്ന് പദ്ധതി ഉദ്ഘാടനെ ചെയ്ത് കൊണ്ട് മുഖ്യമന്ത്രി അറിയിച്ചു. മലയാളം കമ്പ്യൂട്ടിംഗിന് വിഘാതമായിരുന്നത് കുത്തക സോഫ്റ്റ് വെയറുകളാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സ്വതന്ത്ര സോഫ്റ്റ് വെയറിനെയും മലയാളം കമ്പ്യൂട്ടിംഗിനേയും ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനം തന്റെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ഉറപ്പു നല്‍കി.
തന്റെ കീഴിലുള്ള പോലീസ് വകുപ്പിനെ കമ്പ്യൂട്ടര്‍വല്‍കരിക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞതായി അറിയിച്ച ആഭ്യന്തര മന്ത്രി, പൊതുജനങ്ങള്‍ക്കിനി മലയാളത്തില്‍ തന്നെ പരാതികളും നിര്‍ദ്ദേശങ്ങളും ഈ സംവിധാനത്തിലൂടെ അധികാരികളിലെത്തിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കി.
ചടങ്ങില്‍ സ്വാഗതം പറഞ്ഞ ഐടി സെക്രട്ടറി ശ്രീ അജയകുമാര്‍ ഐ എ എസ്, ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ചു കൊണ്ട് വിവര സാങ്കേതിക വിദ്യയുടെ സേവനം ബഹു ഭൂരിപക്ഷം വരുന്ന സാധാരണക്കാരനും എത്തിക്കാന്‍ മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയിലൂടെ കഴിയും എന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു പരിപാടി നടപ്പിലാക്കുന്നത് എന്ന് അദ്ദേഹം അറിയിച്ചു.
പദ്ധതിയെക്കുറിച്ച്
വിവരസാങ്കേതികവിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മലയാളഭാഷയെ ശക്തിപ്പെടുത്തുകയും ഭാഷയുടെ അതിരുകളില്ലാതെ വിവരസാന്നേതികവിദ്യയുടെ നേട്ടം എല്ലാ മലയാളികള്‍ക്കും എത്തിക്കുകയുമാണ് മലയാളം കമ്പ്യൂട്ടിംഗ് പ്രചാരണ പരിപാടിയുടെയുടെ ഉദ്ദേശ്യം.
പദ്ധതി നിലവില്‍ വരുന്നതോടെ സാധാരണക്കാര്‍ക്ക് കമ്പ്യൂട്ടറിന്റെ സേവനം കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കും. വിവരവിനിമയ സാങ്കേതികവിദ്യയുടെ എല്ലാ സേവനങ്ങളും പരമാവധി ഉപയോഗപ്പെടുത്താനും ഇ-മെയില്‍, ചാറ്റിംഗ്, ബ്ളോഗ് തുടങ്ങിയ കമ്പ്യൂട്ടര്‍/ ഇന്റര്‍നെറ്റ് അധിഷ്ഠിത സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുവാനും പുതിയ സംരംഭം ഏറെ സഹായകരമാകും.
മൂവായിരത്തോളം വരുന്ന 'അക്ഷയാ' കേന്ദ്രങ്ങളിലൂടെ സംസ്ഥാനത്തിലാകമാനം പൊതുജന ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കാനാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ഓരോ അക്ഷയാ കേന്ദ്രവും ഏകദേശം 1200 മുതല്‍ 1500 വരെ കുടുംബങ്ങളെ ബന്ധപ്പെടുന്നുണ്ട്. അടുത്ത മൂന്നു വര്‍ഷം കൊണ്ട് കേരള സംസ്ഥാനത്തിലെ 40 മുതല്‍ 50 ലക്ഷം വരെ കുടുംബങ്ങളില്‍ മലയാളം കംമ്പ്യൂട്ടിങ്ങിന്റെ സന്ദേശം എത്തിക്കുവാന്‍ ഈ പ്രചരണ പ്രവര്‍ത്തനങ്ങള്‍ വഴി കഴിയും. അക്ഷയാ കേന്ദ്രങ്ങള്‍, പ്രാദേശിക സംഘടനകളും പ്രാദേശിക ഭരണ സംവിധാനങ്ങളുമായി സഹകരിച്ച് പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുജനങ്ങള്‍ക്കായി ബോധവല്‍ക്കരണ പരിപാടികളും കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കുന്നതിനുള്ള പരിശീലനവും സംഘടിപ്പിക്കും. അതോടൊപ്പം തന്നെ ഓരോ ജില്ലയിലേയും പ്രാദേശിക കമ്പ്യൂട്ടര്‍ വില്‍പ്പനസ്ഥാപനങ്ങള്‍ക്കും മലയാളം കംമ്പ്യൂട്ടിങ്ങില്‍ പരിശീലനം നല്‍കാന്‍ പദ്ധതിയുണ്ട്,
പ്രചരണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് വെബ്ബിലെ മലയാളം ഉള്ളടക്കം വര്‍ദ്ധിപ്പിക്കാനുള്ള പല തുടര്‍ പരിപാടികളും ആരംഭിക്കും. കേരളത്തിലെ എല്ലാ പഞ്ചായത്തിനും സ്വന്തമായി ഒരു പോര്‍ട്ടല്‍ ഉണ്ടാവുക എന്നതാണ് ലക്ഷ്യമാക്കുന്ന ഒരു തുടര്‍ പരിപാടി. ഇത്തരം പോര്‍ട്ടലുകളില്‍ പ്രാദേശികമായ പ്രകൃതിജന്യവും അല്ലാതെയുമുള്ള വിഭവശേഷിയും മനുഷ്യ വിഭവശേഷി സംബന്ധിച്ച വിവരങ്ങളും, തനതു സംസ്ക്കാരം, പ്രാദേശിക സാമ്പത്തിക നില, വ്യവസായങ്ങള്‍, കൃഷി, സേവനത്തുറ, ചര്‍ച്ചാവേദി, തുടങ്ങി ഉപയോഗ പ്രദമെന്നു കാണുന്ന ഏതു കാര്യവും ഉള്‍പ്പെടുത്താം. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനമായി നല്ല പഞ്ചായത്തു പോര്‍ട്ടലിന് സര്‍ക്കാര്‍ അവാര്‍ഡുകള്‍ നല്‍കാം. അത്തരത്തിലുള്ള നല്ല പോര്‍ട്ടലിന് ഒരു ഉദാഹരണമാണ് അഴിക്കോട് പഞ്ചായത്തിന്റെ പോര്‍ട്ടല്‍(http://azhikode.entegramam.gov.in).
2008,ലോകമാകെ ഭാഷകളുടെ വര്‍ഷമായി ആഘോഷിക്കാന്‍ ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിരിക്കയാണ്. കമ്പ്യൂട്ടിങ്ങിന്റെ മേഖലയില്‍ ഭാഷാ വൈവിദ്ധ്യം പ്രോത്സാഹിപ്പിക്കാനുള്ള പരിപാടികളിലൂടെ കേരളാ സര്‍ക്കാരും അന്തര്‍ദേശീയ സമൂഹവുമായി കൈകോര്‍ക്കുകയാണ്.

