Reading Problems? see Enabling Malayalam
എന്റെ മലയാളം, കമ്പ്യൂട്ടറിന്റേതും
Malayalam Computing സംരംഭത്തില്‍ നിന്ന്
ടീ. വി. സിജു
എന്റെ ഭാഷ, എന്റെ കംപ്യൂട്ടറിന്റെയും എന്നാണ് പുതിയ രീതി. അതനുസരിച്ച് മലയാളവും കംപ്യൂട്ടറിന്റെ സ്വന്തം ഭാഷയാവുകയാണ്. ഇത് സാധ്യമാക്കാന്‍ സഹായിച്ചത് യൂണികോഡ് സമ്പ്രദായവും. മലയാള ഭാഷയെ ശക്തിപ്പെടുത്തുകയും ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ വിവര സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ എല്ലാ മലയാളികള്‍ക്കും എത്തിക്കാനും സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത മലയാളം കംപ്യൂട്ടിംഗ് പദ്ധതിക്കും തുടക്കമായി. എല്ലാ കംപ്യൂട്ടറിലും അതത് ഇടങ്ങളിലെ പ്രാദേശിക ഭാഷ പ്രയോഗത്തില്‍ വരുത്താന്‍ യൂണികോഡിന്റെ സഹായത്തോടെ സാധിക്കും.
മാതൃഭാഷയിലുള്ള കംപ്യൂട്ടര്‍ ഉപയോഗത്തിലൂടെ മാത്രമേ കംപ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ ജനസമൂഹത്തിലെത്തുകയുള്ളൂ. ഇതിനായി ഭാഷാ സോഫ്റ്റ്വെയറുകളും ഫോണ്ടുകളും വേണം. ഈ ജോലി പ്രതിഫലേച്ഛയില്ലാതെ ചെയ്യുന്ന വിവിധ സംഘങ്ങള്‍ ഇവിടെയുണ്ട്. സംസ്ഥാന ഐ.ടി. മിഷന്‍, അക്ഷയ, ഫ്രീ സോഫ്റ്റ്വെയര്‍ എന്ന ആശയം മുറുകെ പിടിക്കുന്ന സ്വതന്ത്ര മലയാളം കംപ്യൂട്ടിംഗ് എന്ന സംഘവും 'സ്പേസ്' തുടങ്ങി വിവിധ ഏജന്‍സികളും ഇതിനു പിന്നില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. മലയാള ഭാഷയെ അതിന്റെ തനിമയും സൌന്ദര്യവും ചോരാതെ ഡിജിറ്റല്‍ ഭാവിയിലേക്ക് നയിക്കാന്‍ വേണ്ടി ഇവരെല്ലാം വികസിപ്പിച്ച സോഫ്റ്റ്വെയറുകള്‍ പരിചയപ്പെടുത്തുന്നതിനും ഭാഷാ കംപ്യൂട്ടിംഗിന്റെ ഭാവിയും അത് നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിനും ഒരു പൊതുവേദി ഉണ്ടാവേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.
വിവര സാങ്കേതികവിദ്യയുടെ മേഖലയിലുണ്ടായ പുരോഗതി ആശയവിനിമയരംഗത്ത് വരുത്തിയ മാറ്റം വലുതായിരുന്നു. ഈ വികസനം പ്രാദേശിക ഭാഷകള്‍ക്കാണ് വലിയ വെല്ലുവിളി ഉയര്‍ത്തിയത്. ഇ-മെയില്‍, ബ്ളോഗ്, ചാറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ ആശയവിനിമയത്തിനായി കൂടുതല്‍ ഇന്ന് ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇത്തരം സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് ഭാഷയാണ് പലര്‍ക്കും തടസ്സമാകുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിന് മലയാളം കംപ്യൂട്ടിംഗ് പോലെയുള്ള പദ്ധതികള്‍ ഉപകരിക്കും. ഇതോടൊപ്പം മലയാള ഭാഷയില്‍ നിലവിലുള്ളതും പുതുതായി നിര്‍മ്മാണത്തിലിരിക്കുന്നതുമായ വിവിധ സോഫ്റ്റ്വെയറുകളും വെബ്സൈറ്റുകളും ഉപയോഗപ്പെടുത്താം. പല സ്കൂളുകളും വെബ്സൈറ്റുകള്‍ മലയാളത്തിലും നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകളും സേവനം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും മലയാളത്തില്‍ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ്.
സ്കൂളുകള്‍ക്കും കുട്ടികള്‍ക്കും ഉപകാരപ്പെട്ടേക്കാവുന്ന ചില മലയാളം സോഫ്റ്റ്വെയറുകളെക്കുറിച്ചും മറ്റും ഇതോടൊപ്പം പ്രതിപാദിപ്പിച്ചിട്ടുണ്ട്.
ആസ്കി
കംപ്യൂട്ടറിന്റെ പ്രചാരം വര്‍ദ്ധിച്ചപ്പോള്‍ ഇംഗ്ളീഷിതര ഭാഷകളുപയോഗിക്കുന്ന വികസിത രാഷ്ട്രങ്ങളില്‍ അവരുടെ ഭാഷയിലെ അക്ഷരങ്ങള്‍ ഉപയോഗിക്കാനുള്ള സംവിധാനം ഉണ്ടാവേണ്ടത് ആവശ്യമായി വന്നു. ഇങ്ങനെ ശേഖരിക്കുന്നതിന് ഓരോന്നിനും അതിന്റേതായ കോഡുകള്‍ ഉണ്ടായിരിക്കും. അപ്പോള്‍ കംപ്യൂട്ടറില്‍ അക്ഷരങ്ങളെയും മറ്റ് ചിഹ്നങ്ങളെയും സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന കോഡില്‍ തന്നെ മാറ്റങ്ങള്‍ വേണ്ടിവന്നു. ASCII ( American Standard Code for Information Interchange)എന്ന സമ്പ്രദായമാണ് കംപ്യൂട്ടറില്‍ ആദ്യകാലങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നത്. ആസ്കി, എന്നാണ് ഇതു വായിക്കുന്നത്.
ആസ്കി, കോഡുപയോഗിച്ച് 256 അക്ഷരങ്ങള്‍ മാത്രമേ ശേഖരിക്കാനാവൂ. ഇത് വ്യത്യസ്തമായ രണ്ട് ഭാഷകളിലെ അക്ഷരങ്ങള്‍ അക്കങ്ങളും മാത്രം ശേഖരിക്കാന്‍ പോന്നവയാണ്. കൂടുതല്‍ ഭാഷകള്‍ ഇതില്‍ ചേര്‍ക്കാന്‍ സാധ്യമല്ല. ഇതില്‍ ആദ്യത്തെ 128 കോഡുകള്‍ ഇംഗ്ളീഷിനും ബാക്കി വരുന്ന 128 ഏതെങ്കിലും ഭാഷയ്ക്കും ഉപയോഗിക്കാം. ഇങ്ങനെയൊരു ചട്ടക്കൂടാണ് ഇതിന് ഉണ്ടാക്കിയത്. കംപ്യൂട്ടറുകള്‍ ലോകം മുഴുവന്‍ വ്യാപകമായപ്പോള്‍ പല ഭാഷകളും കംപ്യൂട്ടറിന് കൈകാര്യം ചെയ്യേണ്ടിവന്നു. ഏതെങ്കിലും രണ്ട് ഭാഷ എന്ന നിലയില്‍ നിന്നും അതില്‍ കൂടുതല്‍ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കംപ്യൂട്ടര്‍ നിര്‍ബന്ധിതമായി.
ISCII
യൂണികോഡ് വരുന്നതിന് മുമ്പ് തന്നെ മലയാളത്തിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും വേഡ് പ്രോസസിങ്ങും ഡി.ടി.പി.യും ചെയ്തിരുന്നല്ലോ എന്ന കാര്യം ഓര്‍മ്മയുണ്ടോ? ഇന്ത്യന്‍ ഭാഷകളില്‍ അക്ഷരങ്ങള്‍ രേഖപ്പെടുത്താന്‍ ISCII ISCII ( Indian Standard Code for Information Interchange ) എന്ന കോഡ് ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേകതരം സോഫ്റ്റ്വെയറുകള്‍ ഇന്ത്യന്‍ ഭാഷകളിലെ വേഡ് പ്രോസസിംഗിന് ലഭ്യമാണ്. ഉദാഹരണം: സി-ഡാകിന്റെ I-leap, ISM, സൂപ്പര്‍സോഫ്റ്റിന്റെ തൂലിക എന്നിവ. കീബോര്‍ഡില്‍ നിന്നു വരുന്ന സന്ദേശങ്ങളെ മലയാളം അക്ഷരങ്ങളായി തിരിച്ചറിയുകയും അതനുസരിച്ച് മോണിട്ടറില്‍ പ്രദര്‍ശിപ്പിക്കുകയും അച്ചടിക്കുകയും മാത്രമാണ് ഇത്തരം സോഫ്റ്റ്വെയറുകള്‍ ചെയ്യുന്നത്. ആന്തിരകമായി അപ്പോഴും ഇംഗ്ളീഷ് അക്ഷരങ്ങള്‍ തന്നെയാണ് കംപ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നത്. ഇക്കാരണത്താല്‍ വാക്കുകള്‍ അക്ഷരമാലാക്രമത്തിലാക്കുക, അക്ഷരത്തെറ്റുകള്‍ കണ്ടുപിടിക്കുക, ഇന്‍ഡക്സ് ചെയ്യുക, പര്യായ നിഘണ്ടു ഉപയോഗിക്കുക തുടങ്ങി പല കാര്യങ്ങളും ഏകീകൃതമായി അതില്‍ ചെയ്യാനാവില്ലായിരുന്നു. യൂണികോഡ് വന്നതോടെ അതിന് പരിഹാരമായി.
Unicode
ആസ്കി യെക്കാള്‍ വിപുലമായ യുനികോഡ് (Unicode) പിന്നീട് നിലവില്‍ വന്നു. ഇതില്‍ ലോകത്തിലെ മിക്ക ഭാഷകളിലെയും അക്ഷരരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മലയാളവും ഉപയോഗിക്കാന്‍ യുനിക്കോഡിന്റെ സഹായത്തോടെ കഴിയും. ലോകഭാഷകളിലെ ലിപികളുടെ കംപ്യൂട്ടറുകളിലുള്ള ആവിഷ്ക്കാരത്തിനായി നിര്‍മ്മിച്ചിരിക്കുന്ന ഒരു മാനദണ്ഡമാണ് യൂണികോഡ്. ഇംഗ്ളീഷ് അറിയാവുന്നവര്‍ക്ക് മാത്രമേ കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ കഴിയൂ എന്ന ധാരണ തിരുത്താന്‍ യൂണികോഡ് സഹായകമായി. ലോകത്തിലെ ഏത് പ്രാദേശികഭാഷയിലും ഇന്ന് കംപ്യൂട്ടിംഗ് സാധ്യമായി വരികയാണ്.
യൂണികോഡ് സംവിധാനം നിലവില്‍ വന്നതോടെ മലയാളം കംപ്യൂട്ടിംഗിന് ശക്തികൈവന്നിട്ടുണ്ട്. ലോകത്ത് എവിടെയുമുള്ള കംപ്യൂട്ടറില്‍ മലയാളം മാത്രമല്ല ഏത് ഭാഷയും വിളിപ്പുറത്തെത്തും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് പ്രാദേശിക ഭാഷകള്‍ക്ക് അനുഗുണമായ കാര്യമാണ്. അതനുസരിച്ച് കംപ്യൂട്ടറിലൂടെയുള്ള മലയാളം വ്യാപനത്തിന് ആക്കം കൂടും. മൂന്ന് വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം കുടുംബങ്ങളിലേക്ക് കംപ്യൂട്ടര്‍ ബോധവല്‍ക്കരണ പരിപാടി എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. മലയാളം ഉള്‍പ്പെടെ മിക്കഭാഷകളും യൂണികോഡില്‍ ചേര്‍ത്തുകഴിഞ്ഞു. പല പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും എക്സ് എം. എല്‍, ജാവ തുടങ്ങിയ സാങ്കേതികവിദ്യകളും യൂണികോഡിനെ പിന്തുണയ്ക്കുന്നുണ്ട്.
അക്ഷരത്തെറ്റുകള്‍ കണ്ടുപിടിക്കുക, വാക്കുകളും ഖണ്ഡികകളും അക്ഷരമാലാ ക്രമത്തിലാക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ ഏകീകൃത രൂപത്തില്‍ ഏതു ഭാഷയിലും സാധിക്കണമെങ്കില്‍ യൂനിക്കോഡിന്റെ സഹായം ആവശ്യമാണ്. ഇപ്പോള്‍ മിക്ക സോഫ്റ്റ്വെയറുകളും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും യൂനിക്കോഡ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതോടെ ഏത് അപ്ളിക്കേഷന്‍ സോഫ്റ്റ്വെയറിലും മലയാളം ഉപയോഗിക്കാനും മലയാളത്തില്‍ ടൈപ്പ് ചെയ്ത വാക്കുകളും വാചകങ്ങളും ഒരു അപ്ളിക്കേഷനില്‍ നിന്നു പകര്‍ത്തി മറ്റൊന്നില്‍ പതിപ്പിക്കാനും മലയാളത്തില്‍ ഇ-മെയില്‍ അയക്കാനും മറ്റും കഴിയും. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ന് ഇംഗ്ളീഷില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഇനി മലയാളത്തിലും ചെയ്യാം.

